ജീവശാസ്ത്രം പുത്തനറിവുകൾ

കോലാടില്‍ നിന്നും ചെമ്മരിയാട് രൂപം കൊണ്ടിട്ട് 40 ലക്ഷം വര്‍ഷങ്ങള്‍. എഡിന്‍ബറോ സര്‍വകലാശാലയിലെ റോസ്‌ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍(മലയാള മനോരമ, ജൂണ്‍ 7, 2014)
ആല്‍ഗെ കുടുംബത്തിലേയ്ക്ക് ആറ് പുതിയ ഇനങ്ങള്‍ കൂടി ചേരുന്നു. പത്തനംതിട്ട കത്തോലികേറ്റ് കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപകനായ ബിനോയ് തോമാസ് നടത്തിയ ഗവേഷണത്തിലാണ് മണ്ണിലെ ഗ്രീന്‍ ആല്‍ഗെകളില്‍ ക്ലമൈഡോമോണസ് ഒവൈഡെ, ക്ലമൈഡോമോണസ്  ഡിസോണി വാര്‍ മൈക്രോ, സിലിന്‍ഡ്രോസൈസ്റ്റിസ് ചാവറെ, പെനിയം ഗ്രിഗോറിയസ്, റോയ കതോലികേറ്റെ, സ്റ്റിക്കോകോക്കസ് തണ്ണിതോടെ എന്നിവ കണ്ടെത്തിയത്. (മലയാള മനോരമ, സെപ്റ്റംബര്‍ 1, 2013) 
ചൊവ്വയില്‍ ഒരു കാലത്ത് ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ജീവന്റെ അവശേഷിപ്പുകള്‍ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി കണ്ടെത്തി. ഗ്രഹത്തിലെ പാറ തുരന്നു നടത്തിയ പരീക്ഷണങ്ങളിലൂടെ സള്‍ഫര്‍, നൈട്രജന്‍, ഓക്സിജന്‍, ഫോസ്ഫറസ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം ഉറപ്പിച്ചു. ഇവ ജീവന്റെ രാസഘടകങ്ങളാണ്. ഇതിനു പുറമെ കളിമണ്ണു ധാതുക്കളുടേയും സൂക്ഷമാണു ജീവികള്‍ക്ക് ഊര്‍ജ്ജ സ്രോതസുകളായി മാറുന്ന സള്‍ഫേറ്റ്സ്, സള്‍ഫൈഡ്സ്, ധാതുക്കളുടെയും സാന്നിധ്യവും കണ്ടെത്തിയതായി നാസ വെളിപ്പെടുത്തി. (മലയാള മനോരമ, മാര്‍ച്ച് 14, 2013)
റെറ്റിനയുടെ കോശങ്ങള്‍ നശിച്ചു കാഴ്ച നഷ്ടപ്പെടുന്ന(റെറ്റിനസ് പിഗ്മെന്റോസ) അന്ധര്‍ക്ക് അക്ഷരങ്ങളും ചെറിയ വാക്കുകളും വായിക്കാന്‍ സഹായകമാകുന്ന കൃത്രിമകണ്ണ് ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചു. കണ്ണാടിയില്‍ ഘടിപ്പിച്ച ക്യാമറയില്‍ നിന്നും കണ്ണിനുള്ളില്‍ വയ്ക്കുന്ന ഇലക്ട്രോണിക് ചിപ്പിലേയ്ക്ക് ചിത്രങ്ങള്‍ എത്തിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഈ ചിപ്പ് ഒപ്റ്റിക് നെര്‍വിനെ ഉത്തേജിപ്പിച്ച് ആവേഗങ്ങളെ മസ്തിഷ്കത്തിലേയ്ക്ക് എത്തിക്കുന്നു. ഇത് വഴി കറുപ്പും വെളുപ്പും നിറത്തില്‍ ഇവര്‍ക്ക് ലോകത്തെ കാണാന്‍ ആകും (മലയാള മനോരമ, മാര്‍ച്ച് 14, 2013)
വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ചു എന്നു കരുതിയ "ക്രിപ്റ്റോത്തില" എന്ന അപൂര്‍വയിനം ചിലന്തിയെ ഇടുക്കി തൊമ്മന്‍കുത്തില്‍ നിന്നും കണ്ടെത്തി. 1890ല്‍ കൊടൈക്കനാലില്‍ നിന്നും കണ്ടെത്തിയതിനു ശേഷം പിന്നീട് ഇപ്പോഴാണ് ശാസ്ത്രലോകം ഇതിനെ കാണുന്നത് (മലയാള മനോരമ, സെപ്റ്റംബര്‍ 5, 2012)
വെളിച്ചെണ്ണയ്ക്ക് ദന്തക്ഷയം ചെറുക്കാനാകുമെന്ന് പഠനം. പല്ലിനു കേടു വരുത്തുന്ന സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയയ്ക്കെതിരെ ഒരു ആന്റിബയോട്ടിക് ആയി വെളിച്ചെണ്ണ പ്രവര്‍ത്തിക്കുമെന്നാണ് കണ്ടെത്തല്‍.വെളിച്ചെണ്ണ ചേര്‍ത്ത ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ അയര്‍ലന്‍ഡിലെ അത്‌ലോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. ഡാമിയന്‍ ബ്രാഡി പറഞ്ഞു (മലയാള മനോരമ, സെപ്റ്റംബര്‍ 4, 2012)
മണ്ണിനടിയില്‍ ഇര പിടിക്കുന്ന മൂന്നിനം ചെടികളെ ബ്രസീലില്‍ കണ്ടെത്തി. മണ്ണിനടിയിലെ ഇലകളില്‍ അറിയാതെ വന്നു കയറുന്ന പുഴുക്കളെ പോലുള്ള ചെറുജീവികളാണ് കുടുങ്ങുന്നത്. 24 മണിക്കൂറിനുള്ളില്‍ ദഹനം പൂര്‍ത്തിയാവുന്നു (മലയാള മനോരമ, ജൂലൈ, 2, 2012)
കരള്‍ മാറ്റി വയ്ക്കല്‍ ചികിത്സയില്‍ ജീവനുള്ള ദാതാക്കളില്‍ നിന്നുള്ള കരള്‍ മാറ്റി വയ്ക്കലാണ് കൂടുതല്‍ സുരക്ഷിതവും വിജയകരവുമെന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍ സെന്റര്‍ ഫോര്‍ ലിവര്‍ ഡിസീസ് ഏന്റ് ട്രാന്‍സ്പ്ലാന്റേഷനിലെ കണ്‍സള്‍ട്ടന്റ് ഡോ. ആനന്ദ് രാമമൂര്‍ത്തി. മൃതാവസ്ഥയിലുള്ള കരള്‍ദാതാക്കളെ കിട്ടാനുള്ള പ്രയാസം പരിഗണിക്കുമ്പോള്‍ ബന്ധുക്കളില്‍ നിന്നും മറ്റും കരളിന്റെ ഒരു ഭാഗം സ്വീകരിച്ച് ഇത്തരം ശസ്ത്രക്രിയ ചെയ്യുന്നത് ചികിത്സ എളുപ്പം ലഭിക്കാനും കാരണമാകും (മലയാള മനോരമ, ജനുവരി, 28,2012)
ഗര്‍ഭിണിയായി അഞ്ചാഴ്ചയ്ക്കകം കുട്ടി ആണോ പെണ്ണോ എന്നറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന വികസിപ്പിച്ചതായി ശാസ്ത്രജ്ഞര്‍. രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന രണ്ടു തരം എന്‍സൈമുകളുടെ അനുപാതം പരിശോധിച്ചാണ് ലിംഗനിര്‍ണ്ണയം നേരത്തെ നടത്തുക. ദക്ഷിണ കൊറിയയിലെ സോളില്‍ നിന്നുള്ള ഡോ. ഹ്യൂണ്‍ മീ റ്യൂവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍ (ദേശാഭിമാനി, ജനുവരി 20,2012)
വിറ്റമിന്‍ ഡി യുടെ കുറവ് ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് പഠനറിപ്പോര്‍ട്ട്. വിറ്റമിന്‍ ഡി യുടെ അളവ് കുറഞ്ഞവരില്‍ പ്രമേഹരോഗസാധ്യത കൂടുതലാണെന്നും കണ്ടെത്തി. വിറ്റമിന്‍ ഡി യുടെ കുറവ് കാന്‍സര്‍, കുട്ടികളിലെ ആസ്തമ എന്നിവയ്ക്കും കാരണമാകുന്നു. അമിതവണ്ണമുള്ളവര്‍, ക്രോണ്‍സ്, സെലിയാക്, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ , സസ്യഭക്ഷണം മാത്രം കഴിക്കുന്നവര്‍ എന്നിവരില്‍ വിറ്റമിന്‍ ഡി കുറയാന്‍ സാധ്യതയുണ്ട്. പാലുല്പന്നങ്ങള്‍, മുട്ട, മീന്‍, മീനെണ്ണ, മൃഗങ്ങളുടെ കരള്‍ എന്നിവയില്‍ വിറ്റമിന്‍ ഡി കാണപ്പെടുന്നു. (ദീപിക, നവംബര്‍ 27, 2011)
ഉറക്കത്തിന്റെ ദൈര്‍ഘ്യം നിയന്ത്രിക്കുന്ന എബിസിസി 9 എന്ന ജീന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഈ ജീനിന്റെ സാധാരണ രൂപം രണ്ട് പകര്‍പ്പുള്ളവര്‍ക്കാണ് അതേ ജീനിന്റെ തന്നെ മറ്റൊരു രൂപം രണ്ടുള്ളവരേക്കാള്‍ ഉറക്കസമയം കുറയുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. എബിസിസി 9 ജീന്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം എന്നിവയ്ക്കു കാരണമാകുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. (ദീപിക, നവംബര്‍ 27, 2011)
എല്ലാ വിഭാഗത്തിലും പെട്ട ഫ്ലൂ വൈറസില്‍ നിന്നും സംരക്ഷണം നല്കുന്ന, ഫ്ലൂ വി വാക്സിന്‍ എന്നു പേരിട്ടിരിക്കുന്ന വാക്സിന്‍ വികസിപ്പിച്ചതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.(മലയാള മനോരമ, നവംബര്‍ 7, 2011)
ഹിമയുഗത്തിലെ സസ്തനിജീവികളായ വൂളി മാമത്ത്, രോമമുള്ള കാണ്ടാമൃഗം എന്നിവ അപ്പാടെ അപ്രത്യക്ഷമായതിനു കാരണം മനുഷ്യനും കാലാവസ്ഥാവ്യതിയാനവും വരുത്തിയ കെടുതികളാണെന്ന് ലോകത്തെ 40 യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള രാജ്യാന്തരപഠനസംഘം സ്ഥീരീകരിച്ചു. (മലയാള മനോരമ, നവംബര്‍, 7, 2011)
സ്തനാര്‍ബുദവും വന്‍കുടലിലെ അര്‍ബുദവും നിയന്ത്രിക്കാന്‍ കല്ലുമ്മക്കായ (പെര്‍ന വിര്‍ഡിസ്) യിലെ അജ്ഞാതഘടകങ്ങള്‍ പരിഹാരമായേക്കാമെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. കല്ലുമ്മക്കായയുടെ മാംസത്തില്‍ നിന്നു തയ്യാറാക്കിയ പ്രത്യേക ദ്രവത്തില്‍ അടങ്ങിയ ചില ഘടകങ്ങള്‍ക്ക് കാന്‍സറിനേയും മറ്റു ചില ഘടകങ്ങള്‍ക്ക് അള്‍സറിനേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. (മലയാള മനോരമ, നവംബര്‍ 2, 2011)
സി.എഫ്.എല്‍ ലാമ്പുകള്‍ കണ്ണിന് അപകടകാരിയാണെന്ന് പുതിയ കണ്ടെത്തല്‍. ഇത് ഉപയോഗിക്കുന്നത് മൂലം തിമിരം പോലുള്ള രോഗങ്ങളില്‍ 12 ശതമാനം വര്‍ദ്ധനയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കണ്ണിന്റെ റെറ്റിനയ്ക്കു കേടു വരുത്താന്‍ കഴിവുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷനുകള്‍ ഇവ പുറത്തു വിടുന്നു. ഇത്തരം ബള്‍ബുകളില്‍ പലതും കണ്ണിന്റെ സുരക്ഷിതപ്രകാശപരിധി മറികടക്കുന്നവയാണ്. (മലയാള മനോരമ, ഒക്ടോബര്‍ 24,2011)
മനുഷ്യരുടെ കൈകാലുകളില്‍ നിന്നെടുത്ത കോശങ്ങള്‍ സ്ത്രീകളുടെ അണ്ഡത്തില്‍ നിക്ഷേപിച്ച് മനുഷ്യഭ്രൂണത്തെ ക്ലോണ്‍ ചെയ്തെടുക്കാനുള്ള ശ്രമത്തില്‍ ശാസ്ത്രം ഒരു പടി കൂടി കടന്നു. ഭ്രൂണത്തിന്റെ ആയുസ്സ് വെറും ആറു ദിവസം മാത്രമായിരുന്നുവെങ്കിലും അര്‍ബുദം, അള്‍ഷൈമര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനായി മൂലകോശങ്ങള്‍ വികസിപ്പിക്കാന്‍ പരീക്ഷണം സഹായകമാകും. ഭ്രൂണങ്ങളില്‍ നിന്ന് ലഭിക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ച് തകരാറിലായ ഹൃദയപേശികളെ ഉത്തേജിപ്പിക്കാനും പ്രായം ചെന്നവരുടെ തലച്ചോറിന് പുതുജീവന്‍ പകരാനും പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഉല്പാദനം സാദ്ധ്യമാക്കാനും കഴിയുമെന്നതാണ് പരീക്ഷണങ്ങള്‍ നല്‍കുന്ന പ്രത്യാശ. (മലയാള മനോരമ, ഒക്ടോബര്‍ 7, 2011)
ഭൂമിയെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കുന്ന ഓസോണ്‍ കുടയുടെ ആര്‍ട്ടിക് മേഖലയിലുണ്ടായ സുഷിരം വലുതാകുന്നതായി നാസയുടെ വെളിപ്പെടുത്തല്‍. ആര്‍ക്ടിക് മേഖലയില്‍ ഭൗമോപരിതലത്തില്‍ നിന്ന് 20.8 കി.മീ. ഉയരത്തിലുള്ള ഓസോണ്‍ പാളിയുടെ 80 ശതമാനവും നഷ്ടപ്പെട്ടിരിക്കുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. ഈ വിള്ളലിന് ഇന്ത്യയുടെ പകുതിയോളം വലുപ്പമുണ്ട്. (ദീപിക, ഒക്ടോബര്‍ 7, 2011)
2011ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിച്ചു. ജന്മനായുള്ള രോഗപ്രതിരോധശേഷി രൂപപ്പെടുന്നതിനെകുറിച്ചുള്ള കണ്ടുപിടുത്തത്തിന് ബ്രൂസ് ബ്യൂട്ടലറും ജൂള്‍സ് ഹോഫ്മാനും ഒന്നിച്ചും  മറുപാതി ആര്‍ജ്ജിതപ്രതിരോധശേഷിയില്‍ ഡെന്‍ഡ്രൈറ്റിക് കോശങ്ങള്‍ക്കുള്ള പങ്കിന് റാല്‍ഫ് സ്റ്റൈന്‍മാനും നേടി. റാല്‍ഫ് സ്റ്റൈന്‍മാന്‍ സെപ്റ്റംബര്‍ 30 നു മരണമടഞ്ഞു എന്നത് മറ്റൊരു പ്രത്യേകതയാണ്. (മലയാള മനോരമ, ഒക്ടോബര്‍ 4, 2011)
പുകവലിക്കുന്നവരുടെ ഓര്‍മ്മശക്തിക്കു കുറവുണ്ടാകുന്നതായി ലണ്ടനില്‍ നിന്നുള്ള വിദഗ്ദരുടെ പഠനറിപ്പോര്‍ട്ട്. പുകവലി മനുഷ്യന്റെ ചിന്താശക്തിയിലും ബുദ്ധിശക്തിയിലും സാരമായ മാറ്റങ്ങള്‍ വരുത്തുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അതിനാല്‍ പുകവലി ഉപേക്ഷിക്കുന്നത് ശരീരത്തിനും മനസ്സിനും ഒരു പോലെ ഗുണപ്രദമാണെന്ന് നോര്‍ത്തംബ്രിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കി. (ദീപിക, സെപ്റ്റംബര്‍ 25, 2011)
കൊറോണറി ഹൃദയരോഗങ്ങള്‍ ജീനുകള്‍ വഴിയാണ് അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് സ്വീഡനിലെ സെന്റര്‍ ഫോര്‍ പ്രൈമറി ഹാര്‍ട്ട് റിസര്‍ച്ചിന്റെ പഠനറിപ്പോര്‍ട്ട്. അനാരോഗ്യകരമായ ജീവിതശൈലിക്കുമപ്പുറം ജീനുകളിലൂടെയുള്ള വ്യാപനത്തിനാണ് സാധ്യത കൂടുതലെന്ന് ഗവേഷകര്‍ വ്യക്തമാക്കി. (ദീപിക, ആഗസ്റ്റ് 29, 2011)
പല്ലു തുളയ്ക്കാതെ, വേദനിപ്പിക്കാതെ പോട് അടയ്ക്കാനുള്ള മാര്‍ഗം ലീഡ്സ് സര്‍വകലാശാലയിലെ ഡെന്റല്‍ ഇന്‍സ്റ്റിറ്റൂട്ട് കണ്ടെത്തി. ഇനാമലിന്റെ സ്വഭാവികവളര്‍ച്ചക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുകയാണ് പുതിയ രീതീ. പ്രോട്ടീന്‍ തന്മാത്രകള്‍ക്ക് ചുറ്റുമാണ് ഇനാമല്‍ രൂപം കൊള്ളുന്നത്. പല്ല് തുളച്ച് അടക്കുന്നതിനു പകരം ഗവേഷകര്‍ വികസിപ്പിച്ച പ്രോട്ടീന്‍ അടങ്ങിയ ദ്രാവകം പല്ലില്‍ തേച്ചു പിടിപ്പിച്ചാല്‍ മതി. ആഴ്ചകള്‍ കൊണ്ട് പുതിയ ഇനാമല്‍ പാളി രൂപപ്പെടും. (മലയാള മനോരമ, ആഗസ്റ്റ് 26, 2011)
ഭൂമിയില്‍ ഏകദേശം 87 ലക്ഷം വര്‍ഗ്ഗങ്ങളില്‍ പെട്ട ജീവജാലങ്ങളുണ്ടെന്നും അവയില്‍ 90 ശതമാനവും ഇനി വര്‍ഗീകരിക്കപ്പെടേണ്ടവയാണെന്നും ആധുനികപഠനങ്ങള്‍. ഇവയില്‍ നിലവില്‍ നാമകരണം ചെയ്യപ്പെട്ടവ വെറും 12 ലക്ഷം വര്‍ഗ്ഗം മാത്രമാണ്. ഇനിയും കണ്ടെത്തേണ്ട 75 ലക്ഷം ജീവിവര്‍ഗ്ഗങ്ങളില്‍ ഭൂരിഭാഗവും കടലിലും മണ്ണിലും കാണുന്ന സസ്തനികളും പക്ഷികളും ആണ്. (മലയാള മനോരമ, ആഗസ്റ്റ് 25, 2011)
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഉല്പാദിപ്പിക്കുന്ന ജീവകോശങ്ങള്‍ക്കായുള്ള ഗവേഷണം താമസിയാതെ വിജയത്തിലെത്തുമെന്ന് ജീവശാസ്ത്രകാരന്‍ ക്രെയ്ഗ് വെന്‍ഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു. (മലയാള മനോരമ, ആഗസ്റ്റ് 24, 2011)
എച്ച്.ഐ.വി. വൈറസിനെ പ്രതിരോധിക്കുന്ന 17 ശക്തിയേറിയ ആന്റിബോഡികളെ കണ്ടെത്തിയതായി കലിഫോര്‍ണിയയിലെ സ്ക്രിപ്പ്സ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ ഗവേഷകര്‍. എയ്ഡ്സ് പ്രതിരോധമരുന്നിന്റെ കണ്ടെത്തലില്‍ പ്രധാനപ്പെട്ട ചുവടുവയ്പാണിത്. (മലയാള മനോരമ, ആഗസ്റ്റ് 19, 2011)
ജലദോഷം മുതല്‍ എച്ച്.ഐ.വി വരെ വൈറസുകള്‍ ഉണ്ടാക്കുന്ന ഏതിനം പകര്‍ച്ചവ്യാധിയേയും ഇല്ലാതാക്കുന്ന അത്ഭുതമരുന്ന് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഡ്രാക്കോ എന്ന പേരിലറിയപ്പെടുന്ന ഈ സര്‍വരോഗസംഹാരി രോഗം ബാധിച്ച കോശങ്ങളില്‍ കയറികൂടി അവയെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നു. രോഗിയാകാന്‍ പോലും സമയം നല്കുന്നില്ല. (മലയാള മനോരമ, ആഗസ്റ്റ് 12,2011)
രക്താര്‍ബുദത്തെ മൂന്നാഴ്ച കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന കോശങ്ങള്‍ വികസിപ്പിച്ചെടുത്തതായി പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയുടെ എംബ്രാംസണ്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. രക്തത്തിലെ അര്‍ബുദബാധിതകോശങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന വിധം 'ടി' സെല്ലുകളില്‍ ജനിതകമാറ്റം വരുത്തും. രോഗബാധിതകോശങ്ങളെ കൊ‌ല്ലുക മാത്രമല്ല, സ്വതവേയുള്ള ടി കോശങ്ങള്‍ പെരുകുവാനും ഈ ചികിത്സാരീതി സഹായിക്കുന്നു.രോഗമുള്ള കോശങ്ങളെ മാത്രം ലക്ഷ്യമിടുന്നതിനാല്‍ കീമോതെറാപ്പിയുടെതുപോലെയുള്ള ഇതിനില്ല. (മലയാള മനോരമ, ആഗസ്റ്റ് 12,2011)
നിഷ്ക്രിയധൂമപാനം (നേരിട്ടല്ലാതെ, പുകവലിക്കാരുടെ അടുത്തിരിക്കുന്ന ആള്‍ പുകവലിയുടെ ഫലം അനുഭവിക്കുന്നത്) കേള്‍വി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് വിദഗ്ദര്‍. ഇത് കൊച്ചുകുട്ടികളില്‍ ചെവിക്കുള്ളില്‍ വീക്കമുണ്ടാക്കുമെന്നും അനില്‍ ‌അദ്വാനിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. (മംഗളം, ജുലൈ 20, 2011)
ചെമ്മീന്‍,ഞണ്ട് എന്നിവയുടെ പുറന്തോടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന 'കൈറ്റോസാന്‍' എന്ന, പ്രകൃതിദത്ത നാരടങ്ങിയ ഗുളികകള്‍ തടി കുറയ്ക്കുന്നതിനായി മല്‍സ്യഫെഡ് വികസിപ്പിച്ചെടുത്തു.ഭക്ഷണത്തിലെ കൊഴുപ്പിനെ കൈറ്റോസാന്‍ വലിച്ചെടുക്കും. ഈ കണങ്ങളെ ദഹിപ്പിക്കാനോ വലിച്ചെടുക്കാനോ ശരീരത്തിനു കഴിയില്ല. ഇത് വിസര്‍ജ്ജ്യമായി പുറത്തു പോകുന്നു. അങ്ങനെ അമിതവണ്ണവും കൊളസ്ട്രോളും പ്രകടമായ രീതിയില്‍ കുറയുന്നു. (മലയാള മനോരമ, ജൂണ്‍ 29,2011)
പശുവില്‍ നിന്നും വേര്‍തിരിച്ചെടുത്ത വിത്തുകോശങ്ങള്‍ വളര്‍ത്തിയെടുത്ത പേശീകോശങ്ങളില്‍ നിന്നും ബര്‍ഗറിനുള്ള മാംസം കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന വിദ്യ നെതര്‍ലാന്‍ഡിലെ മാസ്ട്രിച്ച് സര്‍വ്വകലാശാല ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. വിട്രോ മീറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. (ദീപിക, ജൂണ്‍ 28, 2011)
സ്വര്‍ണ്ണാഭരണങ്ങളില്‍ ഇറിഡിയം, റുഥേനിയം തുടങ്ങിയ മൂലകങ്ങള്‍ നിയന്ത്രണമില്ലാതെ ചേര്‍ക്കുന്നുണ്ടെന്നും ഇവയുടെ ചില ഐസോടോപ്പുകള്‍ കാന്‍സറിനു കാരണമാകുന്നുവെന്നും  പഠനങ്ങള്‍ കണ്ടെത്തി (മലയാള മനോരമ, ജൂണ്‍ 24,2011)
തിമിരചികിത്സാരംഗത്തെ 'മള്‍ട്ടിഫോക്കല്‍ ടോറിക് ഇന്‍ട്രാ ഓകുലാര്‍ ലെന്‍സ്' ഉപയോഗിച്ചു നടത്തുന്ന ആധുനിക ശസ്ത്രക്രിയ മലബാര്‍ കണ്ണാശുപത്രിയില്‍ വിജയകരമായി നടത്തി. ശസ്ത്രക്രിയയ്ക്കു ശേഷം കണ്ണട ആവശ്യമില്ല എന്നതാണ് പ്രധാന സവിശേഷത. ഈ ലെന്‍സ് ജര്‍മ്മനിയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. (മലയാള മനോരമ, ജൂണ്‍ 24,2011)
എയ്ഡിനു കാരണമാകുന്ന എച്ച്.ഐ.വി.ബാധിതരായ 70000 കുട്ടികള്‍ ഉണ്ടെന്ന് ദേശീയ എയ്ഡ്സ് കണ്‍ ട്രോള്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തി. മാതാപിതാക്കളില്‍ നിന്നാണ് ഇവര്‍ക്ക് ഏറെ പേര്‍ക്കും വൈറസ് പകര്‍ന്നു കിട്ടിയതെന്ന് പഠനം തെളിയിച്ചു. (മലയാള മനോരമ, ജൂണ്‍ 11, 2011)
നിരോധിക്കപ്പെട്ട കീടനാശിനികള്‍ക്കു പകരം ജൈവകീടനാശിനികള്‍ കാര്‍ഷികവിളകള്‍ക്ക് ഫലപ്രദമെന്ന് വിദഗ്ദര്‍. അവണക്കെണ്ണ-വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം, കാന്താരി മുളക് - ഗോമൂത്രം മിശ്രിതം എന്നിവയും മഞ്ഞക്കെണി, പഴക്കെണി, തുളസികെണി, കഞ്ഞിവെള്ളം കെണി എന്നിവയും കീടങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം. (മലയാള മനോരമ, മെയ് 6, 2011)
കാന്‍സര്‍ ശസ്ത്രക്രിയയ്ക്കു പകരമായി ഉപയോഗിക്കാവുന്ന, ശരീരം കീറി മുറിക്കാതെയും വേദനയില്ലാതെയുമുള്ള സൈബര്‍നൈഫ് സാങ്കേതികവിദ്യ ചെന്നൈയിലെ അപ്പോളോ കാന്‍സര്‍ ആശുപത്രിയില്‍ ആരംഭിച്ചു. തലയോട്ടിയ്ക്കകത്തും നട്ടെല്ലിനകത്തും ശ്വാസകോശങ്ങളിലും അടക്കം സാധാരണ ശസ്ത്രക്രിയ പ്രായോഗികമല്ലാത്ത ഇടങ്ങളിലുള്ള മുഴയും മറ്റും നീക്കം ചെയ്യാന്‍ സൈബര്‍നൈഫ് ഉപയോഗിക്കുന്നു. ശരീരത്തിന്റെ ഏതു ഭാഗത്തും ശസ്ത്രക്രിയ സാധ്യമാക്കുന്ന റോബോട്ടിക് റേഡിയോ സര്‍ജറി സംവിധാനവും ഇവിടെയുണ്ട്. (ദീപിക, ഏപ്രില്‍ 10, 2011)

മൂലകോശങ്ങള്‍ ഉപയോഗപ്പെടുത്തി ജപ്പാനിലെ ശാസ്ത്രജ്ഞര്‍ കണ്ണിന്റെ റെറ്റിന പരീക്ഷണശാലയില്‍ വികസിപ്പിച്ചെടുത്തു. അന്ധര്‍ക്കും തിമിരരോഗികള്‍ക്കും വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഈ നേട്ടം. ചുണ്ടെലികളിലാണ് പരീക്ഷണം നടത്തിയത്. മനുഷ്യരിലും വിജയിച്ചാല്‍ ഇതു പോലെ പല അവയവങ്ങളും പരീക്ഷണശാലകളില്‍ ഇനി രൂപമെടുക്കും. (മലയാള മനോരമ, ഏപ്രില്‍ 8, 2011)
ലോകമൊട്ടാകെ 50 കോടിയിലേറെപ്പേര്‍ അഥവാ, പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാള്‍ എന്ന നിരക്കില്‍ അമിതവണ്ണവും തൂക്കവും ഉള്ളവരാണെന്നും ഇതു ധനിക രാജ്യങ്ങളില്‍ നിന്നും ദരിദ്രരാജ്യങ്ങളിലേയ്ക്ക് പടര്‍ന്നു കയറുകയാണെന്നും ലോകാരോഗ്യസംഘടന. അമിതവണ്ണവും തൂക്കവും അനുബന്ധ കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദപ്രശ്നങ്ങളും ആഗോളപ്രശ്നമായി  മാറിക്കഴിഞ്ഞു. പഠനം ലാന്‍സെറ്റ് മാസികയില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. (മലയാള മനോരമ, ഫെബ്രുവരി 10, 2011)

ഹ്യദ്രോഗികള്‍ക്ക് ആശ്വാസമായി ‘അബ്‌സോര്‍ബ്’ എത്തി. ആഞ്ജിയോപ്ലാസ്റ്റിയില്‍ ഉപയോഗിക്കുന്ന ലോഹത്തകിടിനു (സ്റ്റെന്റ്) പകരം ഉപയോഗിക്കാവുന്ന ജൈവതകിടായ അബ്‌സോര്‍ബ് വിജയകരമായി പരീക്ഷിച്ചതായി അപ്പോളോ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ: പ്രതാപ് റെഡ്ഡി അറിയിച്ചു. ഹ്യദയവാല്‍‌വിലെ തടസ്സം നീക്കിയ ശേഷം സ്വയം അലിഞ്ഞ് ഇല്ലാതാകും എന്നതാണ് അബ്‌സോര്‍ബിന്റെ പ്രത്യേകത.അബ്‌സോര്‍ബ് 2 വര്‍ഷത്തിനു ശേഷം ഹ്യദയത്തിന്റെ സ്വഭാവിക രക്തപ്രവാഹം പുന:സ്ഥാപിച്ച ശേഷം വെള്ളവും കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി രൂപാന്തരം പ്രാപിച്ച് സ്വയം അലിഞ്ഞ് അപ്രത്യക്ഷമാകുന്നു. (ദീപിക, ഫെബ്രുവരി 10, 2011)
പുകയിലയുടേയും പുകയിലജന്യ ഉല്പന്നങ്ങളുടേയും ഉപയോഗം യുവജനങ്ങളില്‍ ഏറി വരുന്നത് ഓറല്‍ കാന്‍സര്‍ വേഗത്തില്‍ വ്യാപിക്കാന്‍ കാരണമാകുന്നുവെന്നും കാന്‍സര്‍ ബോധവല്‍ക്കരണം സ്കൂള്‍ തലത്തില്‍ ആരംഭിക്കണമെന്നും ലോകപ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി. ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. (ദീപിക, ജനുവരി 24, 2011)
കോള്‍ മേഖലയില്‍ പക്ഷികളുടെ എണ്ണം താരതമ്യേന കുറയുന്നതായി സര്‍വ്വേയില്‍ കണ്ടെത്തി. ദീര്‍ഘമായ കാലവര്‍ഷവും തുടര്‍ന്നു ക്യഷിസമയത്തില്‍ വന്ന വ്യതിയാനവുമാകാം പക്ഷികള്‍ കുറയാന്‍ കാരണമെന്ന് സര്‍വ്വെ കോര്‍ഡിനേറ്റര്‍ ഡോ. പി.ഒ.നമീര്‍ പറഞ്ഞു. എന്നാല്‍ മഴക്കാടുകളിലെ അരുവികളിലും വ്യക്ഷമേഖലകളിലും കാണുന്ന ദേശാടനപ്പക്ഷിയായ മീന്‍‌കൊത്തിച്ചിന്നനെ കോളില്‍ ആദ്യമായി കണ്ടെത്തി. (മലയാള മനോരമ, ജനുവരി 24, 2011)
വെളുത്തുള്ളി ചെടിയുടെ ഇല മികച്ച ജൈവകീടനാശിനി എന്ന് കണ്ടെത്തല്‍. നിലവില്‍ ജൈവകീടനാശിനി ആയി ഉപയോഗിക്കുന്ന വേപ്പെണ്ണയോട് വെളുത്തുള്ളി ചേര്‍ത്ത മിശ്രിതമാണ് തെങ്ങിലെ മണ്ഡരി ഉള്‍പ്പെടെയുള്ള രോഗബാധയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നത്. (ദീപിക, ജനുവരി 2, 2011)
പപ്പായമൂട്ടയെ (മീലിബഗ്) കൊല്ലാന്‍ മിത്രകീടപട്ടാളം. പപ്പായമീലിമൂട്ടയുടെ മുട്ടകളെ തിന്നു നശിപ്പിക്കുന്ന അസിറോഫാഗസ് പപ്പായ എന്ന മിത്രകീടപട്ടാളത്തെ കേരള കാര്‍ഷിക സര്‍വ്വകലാശാലയും ബാഗളുരുവിലെ നാഷണല്‍ ബ്യൂറൊ ഓഫ് അഗ്രികള്‍ച്ചറും ചേര്‍ന്നാണ് പ്രചരിപ്പിക്കുന്നത്. (മലയാള മനോരമ, ജനുവരി 2, 2011)
വരണ്ട കാലാവസ്ഥ കേരളത്തിലേയ്ക്ക് ചേക്കേറുന്നതിന്റെ ഭാഗമായി ചൂടിടങ്ങളിലെ അപൂര്‍വ്വ പക്ഷികളായ ചരല്‍ക്കുരുവിയേയും തോട്ടിക്കഴുകനേയും ഹിമാലയന്‍ ശരപ്പക്ഷിയേയും ത്യശൂര്‍ കോളില്‍ ആദ്യമായി കണ്ടെത്തി. (മലയാള മനോരമ, ഡിസംബര്‍ 18, 2010)
എയ്ഡ്സ് രോഗത്തിനു കാരണമാകുന്ന എച്ച്. ഐ. വി വൈറസില്‍ നിന്ന് ഒരു രോഗിയെ മോചിപ്പിച്ചതായി ജര്‍മ്മന്‍ ഗവേഷകര്‍ അവകാശപ്പെട്ടു. എയ്ഡ്സ് രോഗിയായിരുന്ന ഇദ്ദേഹത്തിന് രോഗപ്രതിരോധസംവിധാനത്തെ മൊത്തത്തില്‍ തകരാറിലാക്കുന്ന പ്രത്യേകതരം രക്താര്‍ബുദം ബാധിച്ചു. ഇതിനെതിരെ ഉയര്‍ന്ന അളവില്‍ കീമോതെറാപ്പിയും റേഡിയേഷനും നല്‍കുകയും മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി അര്‍ബുദം ഭേദമായതിനു പുറമെ രോഗിക്ക് രോഗപ്രതിരോധശേഷി ലഭ്യമാവുകയും ചെയ്തു. എന്നാല്‍ എല്ലാ എച്ച്.ഐ.വി ബാധിതര്‍ക്കും ഈ ചികിത്സ നല്‍കുന്നത് അപ്രയോഗികമായതിനാല്‍ എയ്ഡ്സ് രോഗത്തിനെതിരായ പോരാട്ടത്തെ ഇതൊട്ടും തന്നെ സഹായിക്കില്ലെന്നാണ് എതിര്‍വാദം (മലയാള മനോരമ, ഡിസംബര്‍ 16, 2010)
പാവറട്ടി തെക്കെ കോഞ്ചിറ കോള്‍പടവില്‍ കതിരിട്ട പാടത്ത് നെല്ലിന് ദ്രുതവാട്ടം. ബാക്ടീരിയല്‍ ലീഫ് ബ്ലൈറ്റ് രോഗമാണ് ബാധിച്ചിട്ടുള്ളത്. കാറ്റിലൂടെ പകരുന്ന രോഗമാണിത്. രോഗബാധ നിയന്ത്രിക്കാന്‍ ആന്റി ബയോട്ടിക്ക് സ്‌ട്രെപ്റ്റോസൈക്ലിന്‍ 24 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒരു ഏക്കറിന് എന്ന തോതില്‍ തളിക്കാന്‍ ക്യഷി ഓഫീസര്‍ നിര്‍ദ്ദേശിച്ചു. (മലയാള മനോരമ, ഡിസംബര്‍ 16, 2010)
വംശനാശം നേരിടുന്ന രണ്ട് അപൂര്‍വ്വയിനം കഴുകന്മാരെ വയനാടന്‍ വനങ്ങളില്‍ കണ്ടെത്തി. ചുട്ടിക്കഴുകന്‍(വൈറ്റ് ബാക്ഡ് വള്‍ച്ചര്‍), ചെന്തലയന്‍ (റെഡ്ഡ് ഹെഡഡ് വള്‍ച്ചര്‍) എന്നീ ഇനം കഴുകന്മാരെയാണ് വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന പക്ഷിനിരീക്ഷണത്തില്‍ കാണാനായത്. (മാത്യഭൂമി, ഡിസംബര്‍, 6, 2010)
ഡയാലിസിസിനു പകരം ശരീരത്തില്‍ വച്ചു പിടിപ്പിക്കാവുന്ന ക്യത്രിമ വ്യക്ക വരുന്നു. ഇന്ത്യന്‍ വംശജനായ ഷൂവോ റോയിയുയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെത്തിയത്. രക്തത്തിലെ വിഷാംശങ്ങളെ അരിച്ചുനീക്കുന്നതിനു പുറമെ രക്തസമ്മര്‍ദ്ദം പരിധി വിട്ടു താഴുന്നതു തടയുക, ശരീരത്തിനു വിറ്റമിന്‍ ഡി നല്‍കുക എന്നീ ധര്‍മ്മങ്ങളും ഏറെക്കുറെ സാധാരണ വ്യക്കയെ പോലെ ഇത് നിറവേറ്റും. (മലയാള മനോരമ, ഡിസംബര്‍ 5, 2010)
വിഷലോഹമായ ആര്‍സെനിക്കിന്റെ തന്മാത്ര കൊണ്ട് കോശം നിര്‍മ്മിച്ച ബാക്ടീരിയയെ നാസ കണ്ടെത്തി. കാലിഫോര്‍ണിയയിലെ മോണോ തടാകത്തില്‍ കണ്ടെത്തിയ ബാക്ടീരിയകളിലാണ് കോശ ഡി.എന്‍.എ കളില്‍ ആര്‍സെനിക്ക് തന്മാത്രകളെ ആഗിരണം ചെയ്ത് വളര്‍ന്ന് ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചത്. (മലയാള മനോരമ, ഡിസംബര്‍ 3, 2010)
എയ്ഡ്സ് പരക്കുന്നത് കുറഞ്ഞെങ്കിലും എച്ച്.ഐ.വി ബാധിതരായ സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ഇതുണ്ടാകുന്നത് തടയുന്നതില്‍ വൈദ്യശാസ്ത്രം തളരുന്നു. ഇന്ത്യയില്‍ 53,000 കുട്ടികള്‍ എയ്ഡ്സ് ബാധിതരാണ്. എങ്കിലും ഈ രോഗത്തിന്റെ വ്യാപനം കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് 20% കുറയ്ക്കാനായി. 2005ല്‍ ഇന്ത്യയില്‍ 55 ലക്ഷം പേരില്‍ എയ്ഡ്സ് കണ്ടെത്തിയതെങ്കില്‍ ഇപ്പോള്‍ അത് 25 ലക്ഷമായി കുറഞ്ഞു. (മാത്യഭൂമി, ഡിസംബര്‍ 1, 2010)
ഭൂമിയിലെ ആദ്യ ക്ലോണിങ്ങ് ജീവിയാ‍യ ‘ഡോളി’ എന്ന ചെമ്മരിയാടിന്റെ നാലു തനിപകര്‍പ്പുകള്‍ കൂടി സ്യഷ്ടിക്കപ്പെട്ടു. ‘ദ് ഡോളീസ്’ എന്ന് പേരിട്ടിരിക്കുന്ന ഇവ മൂന്നര വര്‍ഷം മുന്‍പാണ് ജനിച്ചതെങ്കിലും ഇപ്പോഴാണ് ഈ വാര്‍ത്ത ലോകം അറിയുന്നത്. (മലയാള മനോരമ, ഡിസംബര്‍ 1, 2010)
2060 ആകുമ്പോഴേയ്ക്കും ലോകതാപനില നാലു ഡിഗ്രി സെല്‍‌ഷ്യസ് കൂടി ഉയരുമെന്നും ഇത് അപകടകരമാം വിധം സമുദ്രനിരപ്പ് ഉയരാന്‍ ഇടയാക്കുമെന്നും മെക്സിക്കോയിലെ കാലാവസ്ഥാ ഉച്ചകോടിക്കു മുന്‍പായി പുറത്തിറക്കിയ പഠനം വ്യക്തമാക്കി.ആഗോളതാപനം മൂലം 2060ല്‍ സമുദ്രനിരപ്പ് 2 മീറ്റര്‍ വരെ ഉയരുമെന്നും ഇതു മൂലമുള്ള കെടുതികള്‍ തടയാന്‍ കടല്‍ ഭിത്തികള്‍ കെട്ടേണ്ടി വരുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. (മലയാള മനോരമ, നവംബര്‍ 30, 2010)
തെങ്ങ്, കവുങ്ങ്, അലങ്കാരപ്പന, പനവര്‍ഗ്ഗത്തിലുള്ള മറ്റ് ചെടികള്‍ എന്നിവയെ അക്രമിക്കുന്ന വിദേശകീടമായ തെങ്ങോലവണ്ടിന്റെ (ബ്രോണ്‍‌ഡിസ്പ ലോഞ്ചിസിമ) ആക്രമണഭീഷണി കേരളത്തില്‍ ഉയര്‍ന്നതായി കാര്‍ഷിക സര്‍വ്വകലാശാല മുന്നറിയിപ്പ് നല്‍കി. (ദീപിക, നവംബര്‍ 30, 2010)
‘പരോക്ഷപുകവലി‘യില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും ലോകത്ത് ആറ് ലക്ഷത്തിലേറെ പേര്‍ മരിക്കുന്നു. ഇത്തരം മരണങ്ങളില്‍ വര്‍ഷത്തില്‍ 3,79,000 എണ്ണം ഹ്യദയസ്തംഭനം മൂലവും 1,65,000 ശ്വാസകോശരോഗങ്ങള്‍ മൂലവും സംഭവിക്കുമ്പോള്‍ 36,900 പേര്‍ ആസ്മയും 21,400 പേര്‍ ശ്വാസകോശാര്‍ബുദവും മൂലമാണ് മരിക്കുന്നത്. കുട്ടികളില്‍ 40 ശതമാനവും പ്രായമായവരില്‍ 30 ശതമാനവും പരോക്ഷപുകവലിയുടെ കെടുതികള്‍ അനുഭവിക്കുന്നവരാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം ചൂണ്ടിക്കാട്ടി. (മലയാള മനോരമ, നവംബര്‍ 27, 2010)
വംശനാശം നേരിടുന്ന മ്യഗങ്ങളുടെ കൂട്ടത്തില്‍ നമ്മുടെ ദേശീയ മ്യഗമായ കടുവ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ലോകത്ത് ഇനി 3200 കടുവകളേ ശേഷിക്കുന്നുള്ളത്രേ. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ കടുവകളുടെ എണ്ണം 95% കുറഞ്ഞതായി ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനയായ WWF വ്യക്തമാക്കുന്നു. വംശനാശപട്ടികയില്‍ ധ്രുവക്കരടിയാണ് രണ്ടാം സ്ഥാനത്ത്. (മലയാള മനോരമ പഠിപ്പുര, നവംബര്‍ 26, 2010)
എന്‍ഡോസള്‍ഫാനു പുറമെ അതീവമാരകമായ ‘പാന്‍ ബാഡ് ആക്ടര്‍’ വിഭാഗത്തില്‍ പെടുന്ന കീടനാശിനികള്‍ക്കും കേരളത്തില്‍ നിരോധനം വരുന്നു. കേരളത്തില്‍ നെല്ലിനും പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഇത്തരം കീടനാശിനികള്‍. വിഷവീര്യത്തിന്റെ തോതനുസരിച്ച് റെഡ്, യെല്ലോ, ബ്ലൂ, ഗ്രീന്‍ എന്നിങ്ങനെയാണ് കീടനാശിനികളെ പൊതുവെ തരം തിരിച്ചിരിക്കുന്നത്. ഏറ്റവും അധികം വിഷമുള്ള റെഡ്, യെല്ലോ കീടനാശിനികളെയാണ് ആദ്യം നിരോധിക്കുക. എന്‍ഡോസള്‍ഫാന്‍ യെല്ലോ വിഭാഗത്തില്‍ പെടുന്നതാണ്. ഫ്യുറഡാന്‍, ഫോറേറ്റ്, മോണോക്രോട്ടോഫോസ്, കാര്‍ബാറില്‍, ഫോസ്ഫാമിഡോണ്‍ തുടങ്ങിയ കീടനാശിനികള്‍ പാന്‍ ബാഡ് ആക്ടര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇത്തരം കീടനാശിനികള്‍ ഒരിക്കല്‍ പ്രയോഗിച്ചാല്‍ മണ്ണില്‍ നശിക്കാതെ കിടക്കും. ഭൂജലത്തില്‍ പോലും വിഷം കലരും. ഭക്ഷണത്തിലൂടെ ഉള്ളില്‍ എത്തിയാല്‍ കാന്‍സര്‍, ജനിതക-പ്രത്യുല്പാദന വൈകല്യങ്ങള്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. (മലയാള മനോരമ, നവംബര്‍ 26, 2010)
ജന്മനാ അന്ധതയുള്ളവര്‍ക്ക് അതില്‍ നിന്നും മോചനം സാധ്യമാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ വിജയം. മുന്‍പുള്ള പരീക്ഷണങ്ങളില്‍ നിന്നും വിട്ട് ക്യാ‍മറയ്ക്കു പകരം സബ് റെറ്റിനല്‍ ചിപ്പ് ഉപയോഗിച്ച് കണ്ണിലൂടെ തന്നെ കാണാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മേന്മ. ഫിന്‍ലാന്റില്‍ നിന്നുള്ള മൈക്ക ടെര്‍ഹോമയില്‍ ജര്‍മ്മനിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കണ്ണിന്റെ റെറ്റിനയ്ക്കു പിന്നിലായി ചിപ്പ് ഘടിപ്പിച്ചു. ‘പ്രോസീഡിങ്സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി’ ജേണലിലാണ് പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധികരിച്ചിരിക്കുന്നത്. (മലയാള മനോരമ മെട്രോ, നവംബര്‍ 25, 2010)
ആഗോളതാപനം കാരണം കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഭൂമിയില്‍ വായുവിനേക്കാള്‍ വേഗത്തില്‍ തടാകങ്ങള്‍ ചൂടാകുന്നുവെന്ന് നാസയുടെ പഠനം. 1985 മുതല്‍ 167 പ്രധാന തടാകങ്ങളില്‍ ഉപഗ്രഹപഠനം നടത്തിയാണ് ഓരോ ദശകത്തിലും 0.85 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂട് കൂടുന്നുവെന്ന് നാസ കണ്ടെത്തിയത്. ചില തടാകങ്ങളില്‍ ചൂട് 1.8 ഡിഗ്രീ ഫാരന്‍ഹീറ്റ് വരെ കഴിഞ്ഞ ദശാബ്ദത്തില്‍ ഉയര്‍ന്നിരുന്നു. (മലയാള മനോരമ, നവംബര്‍ 25, 2010)