ജീവശാസ്ത്രം - പുത്തനറിവുകൾ

ജനിതകശാസ്ത്രം, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതിക വിദ്യകളുപയോഗിച്ച് ഇന്ന് ജന്തുക്കളെ ഡിസൈൻ ചെയ്യുന്നു. അൾട്രാവയലറ്റ് പ്രകാശത്തിൽ ചുവപ്പു നിറത്തിൽ തിളങ്ങുന്ന റൂപ്പി എന്ന നായ, ക്യത്രിമകാലുകൾ ഘടിപ്പിച്ച ഓസ്കർ എന്ന പൂച്ച, ബയോ എൽ.ഇ.ഡി പിടിപ്പിച്ച, വഴിയോരത്ത് സ്ട്രീറ്റ് ലൈറ്റിനു പകരം പ്രകാശം പ്രസരിപ്പിച്ചു നിൽക്കുന്ന മരങ്ങൾ, പാലിൽ ചിലന്തി സിൽക്കിനു നിദാനമായ പ്രോട്ടീൻ വഹിക്കുന്ന ജി.എം.സ്പൈഡർ ഗോട്ട്, മനുഷ്യസ്തീകളുടെ പാലിലുള്ള ലാക്ടോഫെറിൻ എന്ന പ്രോട്ടീനുള്ള പാൽ ചുരത്തുന്ന എലി, മനുഷ്യ-യന്ത്ര സങ്കരങ്ങളായ സൈബോർഗ് വണ്ടുകൾ, ജീവിതകാലം മുഴുവൻ വളർന്നു കൊണ്ടിരിക്കുന്ന സാൽമൺ മത്സ്യങ്ങൾ എന്നിവ ഉദാഹരണങ്ങൾ. (മലയാള മനോരമ പഠിപ്പുര, നവംബർ 24, 2010)
ഉയരക്കുറവിന് വെച്ചൂർ പശു ഗിന്നസ് ബുക്കിലേയ്ക്ക്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശുവിനെ മണ്ണുത്തി കാർഷിക സർവ്വകലാശാലയിലെ സെന്റർ ഫോർ അഡ്വാൻസ്‌ഡ് സ്റ്റഡീസ് ഇൻ ജനറ്റിക്സ് ആൻഡ് ബ്രീഡിങ് വിഭാഗത്തിലെ വെച്ചൂർ പശു ഫാമിൽ കണ്ടെത്തി. ഡയാന എന്ന് പേരിട്ടിരിക്കുന്ന പശുവിന്റെ ഉയരം 77 സെന്റിമീറ്ററാണ്. (മലയാള മനോരമ, നവംബർ 23, 2010)
വെച്ചൂർ പശുവിന്റെ പാൽ ഹ്യദ്രോഗം തടയുമെന്ന കണ്ടെത്തലിന് അംഗീകാരം. വെച്ചൂർ പശുവിന്റെ പാലിൽ ഹ്യദ്രോഗത്തെയും പ്രമേഹത്തേയും പ്രതിരോധിക്കുന്ന ജീനുകളുണ്ടെന്ന യുവ വെറ്ററിനറി സർജൻ ഡോ. മുഹമ്മദിന്റെ കണ്ടെത്തലിനാണ് സർക്കാരിന്റെ അംഗീകാരം. രോഗങ്ങളെ പ്രതിരോധിക്കുന്ന ജീനുകളെ കുറിച്ച് ഗവേഷണം വ്യാപിപ്പിക്കുന്നതിനോടൊപ്പം വെച്ചൂർ പശുവിന്റെ എണ്ണം വർദ്ധിപ്പിക്കാനുള്ള പദ്ധതികളും മ്യഗസംരക്ഷണവകുപ്പ് തയ്യാറാക്കുന്നുണ്ട്. ബീറ്റ കസിൻ എ-2 എന്ന ജീൻ പ്രമേഹം, ഹ്യദ്രോഗം, ഓട്ടിസം, സ്കിസോഫ്രീനിയ, സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം എന്നിവയ്ക്കെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് വെച്ചൂർ പശുവിന്റെ പാലിൽ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നായിരുന്നു കണ്ടെത്തൽ. (മലയാള മനോരമ, നവംബർ 23, 2010)
സംസ്ഥാനത്ത് 14-11-10 നു നടത്തിയ പക്ഷി സർവ്വേയിൽ 280 ഇനങ്ങളെ കണ്ടെത്തി. പ്രശസ്ത പക്ഷിനിരീക്ഷകൻ സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ദേശീയ പക്ഷിനിരീക്ഷണദിനമായി ആചരിക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു 550 പേർ പങ്കെടുത്ത സർവ്വെ. വാഴച്ചാലിൽ നിന്ന് പാണ്ടൻ വേഴാമ്പൽ, വയനാട്ടിൽ നിന്ന് അപൂർവ്വ ഇനമായ ചെന്തലയൻ കഴുകൻ, വെള്ളാനിക്കര കാർഷികസർവ്വകലാശാല ക്യാമ്പസിൽ നിന്ന് വലിയ വേലിത്തത്ത, തിരുവനന്തപുരം ഭാഗത്തു നിന്ന് മഞ്ഞവരയൻ പച്ചപ്രാവ്, ചെന്തലയൻ പുള്ള് എന്നിവയേയും കണ്ടെത്തി. ത്യശ്ശൂർ അടാട്ട് കോൾപാടത്തു നിന്ന് 1000 അംഗങ്ങളുള്ള തവിടൻ ഐബിസിന്റെ കൂട്ടത്തെ കണ്ടതും 200 വർണ്ണകൊക്കുകളെ കണ്ടതും വളരെ അപൂർവ്വമാണെന്ന് IUCN SOUTH ASIAN കോർഡിനേറ്ററായ ഡോ. പി.ഒ.നമീർ പറഞ്ഞു. കോൾമേഖലയിൽ പക്ഷികളുടെ എണ്ണം വർദ്ധിക്കുന്നതായി സർവ്വേയിൽ കണ്ടെത്തി. (മലയാള മനോരമ, നവംബർ 16, 2010)
കാലാവസ്ഥാവ്യതിയാനം മൂലം മുറ്റിച്ചൂർ ഭാഗത്ത് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കനത്ത മഴയും തുടർന്നുള്ള കടുത്ത ചൂടും താങ്ങാൻ കഴിയാത്തതാണ് താറാവുകൾ ചാകാൻ കാരണമെന്ന് കർഷകർ പറയുന്നു. (മലയാള മനോരമ, നവംബർ 16, 2010)
വവ്വാലുകളുടെ സംരക്ഷണത്തിനായി 2011-12 വവ്വാൽ വർഷമായി ആചരിക്കാൻ യു.എൻ സംഘടന തീരുമാനിച്ചു. (മലയാള മനോരമ പഠിപ്പുര, നവംബർ 15, 2010)
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് പെൺകൊതുകുകളെ ജനിതകമാറ്റം വരുത്തിയ ആൺകൊതുകുകളെ ഇറക്കി നിർമ്മാർജ്ജനം ചെയ്യാമെന്ന് കണ്ടെത്തൽ. പരീക്ഷണശാലയിൽ നിന്നും പുറത്തു വിട്ട ആൺകൊതുകുകളുമായി ഇണ ചേരുന്ന പെൺകൊതുകുകൾ മുട്ടയിടുമെങ്കിലും ഈ കൂത്താടികൾക്ക് ടെട്രാസൈക്ലിൻ എന്ന ഔഷധത്തിന്റെ സഹായമില്ലാതെ അധികസമയം ജീവിക്കനാവില്ല. അഥവാ, ചില മുട്ടകൾ വിരിഞ്ഞാലും പറന്നുയരുന്ന കൊതുകുകൾ മണിക്കൂറുകൾക്കുള്ളിൽ ചത്തു വീഴും. 30 ലക്ഷം കൊതുകുകളെ കരീബിയൻ ദ്വീപിലെ ഒരു പ്രദേശത്ത് തുറന്നു വിട്ടായിരുന്നു പരീക്ഷണം (മലയാള മനോരമ, നവംബർ 13, 2010)
പ്രമേഹബാധിതരുടെ സംഖ്യയിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. 2030 ആകുമ്പോഴേയ്ക്കും 80 ലക്ഷം പ്രമേഹരോഗികൾ രാജ്യത്ത് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ലോകത്ത് ഓരോ 10 സെക്കന്റിലും പ്രമേഹം മൂലം ഒരാൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട്. 30 സെക്കന്റിൽ ഒരു രോഗിയുടെ കാൽ മുറിച്ചു മാറ്റപ്പെടുന്നു. (മാത്യഭൂമി നഗരം, നവംബർ 13, 2010)
പാടത്ത് വെള്ളം കെട്ടി നിർത്തി കളകളെ നശിപ്പിക്കുന്ന പുതിയ ക്യഷി രീതിയുമായി അന്തിക്കാട് കോൾപടവിലെ കർഷകർ. ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതു മറിച്ച ശേഷം എട്ടു ദിവസം പാടത്ത് വെള്ളം കെട്ടി നിർത്തുന്നതോടെ കളകൾ പൂർണ്ണമായും ചീഞ്ഞ് നശിക്കുമെന്ന് കർഷകർ പറയുന്നു. (മലയാള മനോരമ, നവംബർ 11, 2010)
വേദനാസംഹാരികളായ പാരസെറ്റമോൾ, ആസ്പിരിൻ, ഇബുപ്രൂഫൻ തുടങ്ങിയവ കഴിക്കുന്ന ഗർഭിണികൾക്ക് പിറക്കുന്ന ആൺകുട്ടികളിൽ പ്രത്യുല്പാദനപരമായ വൈകല്യങ്ങൾക്ക് അത് കാരണമാകാമെന്ന് പഠനത്തിൽ കണ്ടെത്തി. വ്യഷണങ്ങളെ ബാധിക്കുന്ന ‘ക്രിപ്റ്റോർക്കിഡിസം’ എന്ന വൈകല്യത്തിന് വേദനാസംഹാരികളുമായി ബന്ധമുണ്ടെന്ന് ‘ഹ്യൂമൻ റിപ്രൊഡക്ഷൻ ജേണലിൽ’ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തിൽ പറയുന്നു. (മലയാള മനോരമ, നവംബർ 10, 2010)
ലോകത്ത് പ്രതി വർഷം ശ്വാസകോശരോഗബാധയാൽ 42 ലക്ഷത്തോളം പേർ മരിക്കുന്നതായി വേൾഡ് ലങ് ഫൌണ്ടേഷന്റെ റിപ്പോർട്ട്. 66,000 കുട്ടികൾ വർഷം തോറും ന്യുമോണിയ അടക്കമുള്ള ശ്വാസകോശ രോഗങ്ങൾ മൂലം മരിക്കുന്നുണ്ട്. ഇത് 2 ലക്ഷത്തോളമായി ഉയർന്നേയ്ക്കാം. ‘റെസ്പിരേറ്ററി സിൻസിഷ്യൽ വൈറസ് (ആർ.എസ്.വി) ആണ് കുട്ടികളിൽ പ്രധാനമായും രോഗം പരത്തുന്നത്. ദരിദ്ര രാഷ്ട്രങ്ങളിലാണ് മരണനിരക്ക് കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു. (മലയാള മനോരമ, നവംബർ 10, 2010)
കടൽ‌പ്പാ‍യലിൽ നിന്ന് ഇന്ധനം നിർമ്മിക്കാനുള്ള ബ്യഹദ് പദ്ധതിയ്ക്ക് ഇന്ത്യ തുടക്കം കുറിച്ചു. ഒമ്പത് ലാബോറട്ടറികളുടെ കൂട്ടായ്മയായ Council Of Scientific and Industrial Research (CSIR) ആണ് കടലിലും തീരത്തുമുള്ള അതിസൂക്ഷ്മ ആൽഗയിൽ നിന്ന് ജൈവ ഇന്ധനം ഉണ്ടാക്കാനുള്ള സംവിധാനം വികസിപ്പിക്കുന്നത്. ന്യൂ മില്ലേനിയം ഇന്ത്യാ ടെക്നോളജി ലീഡർഷിപ്പ് ഇനിഷിയേറ്റിവ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ കീഴിലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. (മാത്യഭൂമി, നവംബർ 2, 2010)
മനുഷ്യന്റെ കരളിന്റെ കുഞ്ഞുപതിപ്പ് പരീക്ഷണശാലയിൽ വളർത്തിയെടുക്കുന്നതിൽ ബ്രിട്ടനിലെ ഗവേഷകർ വിജയിച്ചു. കരൾ രോഗചികിത്സയിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലും നിർണായകനേട്ടമായി ഈ കണ്ടെത്തൽ മാറുമെന്നാണ് പ്രതീക്ഷ. വേക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി ബാപ്റ്റിസ്റ്റ് മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് കരൾ ക്യത്രിമമായി നിർമ്മിക്കുന്നതിൽ വിജയിച്ചത്. (മാത്യഭൂമി, നവംബർ 1, 2010)
കാർഷിക വിളകളെ പാടെ നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ച് കേരളത്തിന്റെ പല ഭാഗങ്ങളിലും ഭീഷണിയായി മാറുന്നു. ഇതിനെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഗവേഷണ പരിപാടികളിലാണ് ത്യശ്ശൂരിലെ വനഗവേഷണ കേന്ദ്രം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. (മാത്യഭൂമി, നവംബർ 1, 2010)
ഇണചേരൽ കാലമായതോടെ തെന്മല ശലഭ സഫാരി പാർക്കിൽ ചിത്രശലഭങ്ങളുടെ വർണ്ണവിസ്മയം. കോമൺ ക്രോ, വരയൻ കടുവ, നീലക്കടുവ എന്നീ ഇനം ശലഭങ്ങളാണ് ഇണചേരലിനായി സംഗമിച്ചിരിക്കുന്നത്. (മാത്യഭൂമി, നവംബർ 1, 2010)
എൻഡോസൾഫാൻ പ്രയോഗം കാസർഗോഡ് ജില്ലയിൽ വിപത്ത് ഉണ്ടാക്കിയില്ലെന്ന കേന്ദ്രക്യഷിമന്ത്രി. കെ.വി.തോമാസിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രസ്താവന പിൻ‌വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് എൻഡോസൾഫാൻ വിരുദ്ധ സമിതി. (മലയാള മനോരമ, ഒക്ടോബ്ബർ, 29, 2010)
ക്യൂ ഗാർഡൻ അതിന്റെ 250 മത് വാർഷികമായ 2009ൽ 250 പുതിയ സസ്യസ്പീഷിസുകളെ കണ്ടെത്തി. ഒരു മില്ലിമീറ്ററിനേക്കാൾ കനം കുറഞ്ഞ ഓസ്ട്രേലിയയിലെ വുഡ് റോട്ടിങ് ഫംഗസ്, ഏഴ് വന്യ കാപ്പി ഇനങ്ങൾ, ‌തെക്കെ ആഫ്രിക്കയിൽ നിന്നും കിട്ടിയതും കാൻസർ ചികിത്സയിൽ പ്രതീക്ഷ നൽകുന്നതുമായ കാൻസർ ക്യുർ പാം, ബ്രസീലിയൻ പാഷൻ ഫ്രൂട്ട്, ഓസ്ട്രേലിയയിലെ കുള്ളൻ യൂക്കലിപ്റ്റസ് തുടങ്ങിയവ ഇവയിലുൾപ്പെടുന്നു. (മലയാള മനോരമ പഠിപ്പുര, ഒക്ടോബർ, 27, 2010)
ഇതു വരെ കണ്ടു പിടിക്കപ്പെട്ട സസ്യയിനങ്ങളിൽ അഞ്ചിലൊന്നും വംശനാശഭീഷണിയിലാണെന്ന് ലണ്ടനിലെ ക്യൂ ഗാർഡനും വേൾഡ് കൺസർവേഷൻ യൂണിയനും നടത്തിയ പഠനം വെളിപ്പെടുത്തി. ജിംനോസ്പേമുകളാണ് ഏറ്റവും വംശനാശഭീഷണി നേരിടുന്നവയായി കണ്ടെത്തിയത്. ഉഷ്ണമേഖലാ മഴക്കാടുകളാണ് ഏറ്റവും വംശക്ഷയമുണ്ടാക്കുന്ന ആവാസവ്യവസ്ഥ. ഇന്ത്യയിൽ 10.77 ശതമാനം സസ്യങ്ങൾ വംശനാശഭീഷണിയിലാണെന്നും പഠനം തെളിയിച്ചു. (മലയാള മനോരമ പഠിപ്പുര, ഒക്ടോബർ, 27, 2010)
കാസർഗോഡ് കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അന്താരാഷ്ട്ര നാളികേര സമ്മേളനം തുടങ്ങി. ‘കേര ജൈവ വൈവിധ്യം കാർഷിക സമ്യദ്ധിക്ക്’ എന്ന വിഷയത്തിലാണ് സമ്മേളനം. (ദേശാഭിമാനി, ഒക്ടോബർ, 26, 2010)
കൊതുകുകളെ നശിപ്പിക്കാൻ ജൈവകീടനാശിനി പ്രയോഗവുമായി വിദ്യാർത്ഥികൾ വെള്ളക്കെട്ട് ഭാഗങ്ങളിലെത്തി. ത്യത്തല്ലൂർ യു.പി. സ്കൂളിലെ വിദ്യാർത്ഥികളാണ് സംസ്ഥാന സ്കൂൾ ശാ‍സ്ത്രമേളയിൽ അവർക്ക് സമ്മാനം കിട്ടിയ ജൈവകീടനാശിനി പ്രാവർത്തികമാക്കിയത്. (മലയാള മനോരമ, വിദ്യാരവം, ഒക്ടോബർ, 25, 2010)
ഇരുനൂറോളം ഔഷധസസ്യങ്ങൾ നിറഞ്ഞ തോട്ടം, പൂമ്പാറ്റകളെ ആകർഷിക്കാൻ ബട്ടർഫ്ലൈ ഗാർഡൻ എന്നിവ ഒരുക്കി വേലൂർ രാജാ സർ രാമവർമ്മ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ശ്രദ്ധേയമായി. 170ലേറെ ചെടികളാണ് ഔഷധതോട്ടത്തിലുള്ളത്. മുറികൂട്ടിയും പനിക്കൂർക്കയും മുതൽ കാൻസറിനു ഉപയോഗിക്കാവുന്ന മരുന്നുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ബോട്ടണി അദ്ധ്യാപകനായ രാധാക്യഷ്ണന്റെ നേത്യത്വത്തിലുള്ള പരിസ്ഥിതി ക്ലബാണ് ഈ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്. (മലയാള മനോരമ, വിദ്യാരവം, ഒക്ടോബർ, 25, 2010)
*കശുവണ്ടി ഉൾപ്പെടെയുള്ള പരിപ്പുവർഗ്ഗങ്ങൾ (നട്ട്സ്) സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ഹ്യദയസംബന്ധമായ അസുഖങ്ങൾ കുറവെന്ന് കണ്ടെത്തൽ. ഇന്റർനാഷ്ണൽ നട്ട് ആൻഡ് ഡ്രൈഡ് ഫ്രൂട്ട്സ് കൌൺസിൽ സ്പെയിനിലെ ബാഴ്സ്‌ലോണയിൽ നടത്തിയ ‘നട്ട്സ് അൻഡ് കാർഡിയോ വാസ്കുലാർ ഹെൽത്ത്’ എന്ന സിമ്പോസിയത്തിലാണ് ഇതു സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത്. (മലയാള മനോരമ, ഒക്ടോബർ 21,2010)
* ഐഡിയോപതിക് പൾമണറി ഫൈബ്രോസിസ് എന്ന ഗുരുതരമായ ശ്വാസകോശരോഗത്തിന് നൽകുന്ന ‘പെർഫെനിഡോൺ’ എന്ന ഔഷധത്തിന് സിപ്ല ഫാർമസ്യൂട്ടിക്കത്സ് രൂപം നൽകി.(ദേശാഭിമാനി, ഒക്ടോബർ 21, 2010)
*പരിസ്തിഥി സംബന്ധിച്ച തർക്കങ്ങളിൽ തീർപ്പു കൽ‌പ്പിക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നു. മുൻ സുപ്രീം കോടതി ജഡ്ജി ലോകേശ്വർ സിങ് പാണ്ഡെയാണ് അദ്ധ്യക്ഷൻ. പരിസ്തിഥി നിയമങ്ങൾ നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് കേന്ദ്ര വനം - പരിസ്തിഥി മന്ത്രി ജയ്‌റാം രമേശ് പറഞ്ഞു. (മലയാള മനോരമ, ഒക്ടോബർ 20, 2010)
* പ്ലാസ്റ്റിക് അത്ര പാവമല്ല: വിവിധ ഉല്പന്നങ്ങൾ നിർമ്മിക്കുമ്പോൾ പ്ലാസ്റ്റിക്കിൽ ചേർക്കുന്ന രാസവസ്തുക്കൾ(ഡയോക്സിൻ, സ്റ്റിറിൻ, ബിസ്ഫിനോൾ, താലേറ്റ് മുതലായവ) അന്ത:സ്രാവി ഗ്രന്ഥികളെ താറുമാറാക്കുന്നു. ബിസ്ഫിനോൾ പ്രമേഹത്തിനു കാരണമാകുന്നു. (മലയാള മനോരമ ആരോഗ്യം, ഒക്ടോബർ 16, 2010)
* ചാവക്കാട് പുത്തൻ കടപ്പുറം എച്ച്.ഐ.എൽ.പി. സ്ക്കൂളിൽ വിദ്യാർത്ഥികൾ നട്ട കപ്പയുടെ വിളവെടുപ്പ് നടത്തി (മെട്രോ മനോരമ, ഒക്ടോബർ 15, 2010)
* ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ലൂയിസ് ബ്രൌണിന്റെ “പിതാവായി” അറിയപ്പെടുന്ന, ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ സമ്മാനത്തിന് അർഹനായ റോബർട്ട്.ജെ.എഡ്വാർഡിനെ കുറിച്ച് വിശദമായ ലേഖനം. (ദേശാഭിമാനി കിളിവാതിൽ, ഒക്ടോബർ, 14, 2010)